Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf War

ഈസ്റ്റ്-വെസ്റ്റ് പൈപ്പിലൂടെ എണ്ണ വീണ്ടും ഒഴുകാൻ തുടങ്ങി; വിപണിവില താഴോട്ട്

റിയാദ്: ഡ്രോൺ ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച സൗദിയിലെ ഈസ്റ്റ്- വെസ്റ്റ് പൈപ്പിന്‍റെ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ട്. പൈപ്പിലൂടെ എത്തിക്കുന്ന എണ്ണ ചെങ്കടൽത്തീരത്തെ യാൻബു തുറമുഖം വഴി കയറ്റുമതി ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചോടെ ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി ആശ്രയിക്കുന്ന പൈപ്പാണിത്. സെപ്റ്റംബർ 13നായിരുന്നു പൈപ്പിനെ ലക്ഷ്യമിട്ട ആക്രമണം.

സൗദി കയറ്റുമതി പുനരാരംഭിക്കുന്നതു സംബന്ധിച്ച വാർത്തയെത്തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില താഴ്ന്നു.

പ്രതിദിനം 40 ലക്ഷം വീപ്പ എണ്ണയാണ് പൈപ്പ് വഴി ചെങ്കടൽത്തീരത്ത് എത്തിച്ചിരുന്നത്. പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഈ ശേഷി വീണ്ടെടുക്കാനായിട്ടില്ല. ഇതിന് ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

യെമനിലെ ഹൂതികൾ ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തുന്നതിനിടെയായിരുന്നു പൈപ്പ് ലൈൻ ആക്രമിക്കപ്പെട്ടത്. ഇറാക്കിൽനിന്നാണ് ഡ്രോണുകൾ വന്നത്.

International

പൈപ്പ്‌ലൈൻ ആക്രമണത്തിനു പിന്നിൽ ഇറാനായിരിക്കും; സംഘർഷത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ഹൂതികൾ അഭ്യർഥിച്ചതായും ട്രംപ്

ഡബ്ലിൻ: സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പിനുനേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആയിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അയർലൻഡിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

സൗദിയുടെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ചതായും ട്രംപ് മാധ്യമപ്രവർത്തകരെ അറിയിച്ചു.

ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തെ ബന്ധപ്പെട്ടുവെന്നും അമേരിക്ക സംഘർഷത്തിൽ ഇടപെടരുതെന്ന് അഭ്യർഥിച്ചതായും ട്രംപ് പറഞ്ഞു. ചെങ്കടൽവഴി ഭൂരിഭാഗം കപ്പലുകളെയും ഹൂതികൾ കടത്തിവിടുന്നുണ്ട്. സൗദിയുടെ കപ്പലുകൽ മാത്രമാണ് തടയുന്നത്. അക്കാര്യം ശരിപ്പെടുത്തേണ്ടതുണ്ടെന്നും ട്രപ് കൂട്ടിച്ചേർത്തു.

International

പിന്മാറണമെന്ന കമാൻഡറുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; ഹൂതികളുടെ മിന്നൽ വിജയത്തിനു പിന്നിൽ നിർമിതബുദ്ധി തന്ത്രവും

സനാ: യെമനിലെ ഹൂതി വിമതർ ചെങ്കടൽത്തീരത്തെ മിന്നൽ മുന്നേറ്റത്തിനായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യെമനിലെ ഔദ്യോഗിക ഭരണകൂട സേനാ കമാൻഡർ തന്‍റെ സൈനികരോട് പിന്മാറാൻ ഉത്തരവിടുന്ന ശബ്ദസന്ദേശം ഹൂതികൾ നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കി പ്രചരിപ്പിച്ചു. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന മോച്ച തുറമുഖം ഹൂതികൾ പിടിച്ചെടുത്ത് ഇങ്ങനെയാണത്രേ.

യെമനിലെ ഔദ്യോഗിക ഭരണകൂട സേന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാ കമാൻഡർ ലഫ് ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് ഹൂതി വിമതർ വ്യാജമായി തയാറാക്കിയത്. മോച്ച നഗരത്തിൽനിന്ന് ഔദ്യോഗിക സേന പിന്മാറണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ശബ്ദ സന്ദേശം ഔദ്യോഗിക സേനയെ അങ്കലാപ്പിലാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു.

ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ വ്യാഴാഴ്ചയാണ് മോച്ച തുറമുഖം പിടിച്ചെടുത്ത്. യെമനിലെ ഔദ്യോഗിക ഭരണകൂട സേന ഇവിടെനിന്ന് പിൻവാങ്ങി. ചെങ്കടൽത്തീരത്തെ മറ്റു തന്ത്രപ്രധാന മേഖലകളും മിന്നൽ നീക്കത്തിൽ ഹൂതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപ് ഇതിൽ ഉൾപ്പെടുന്നു.

സൗദിയുടെ എണ്ണകപ്പലുകളൊന്നും ഇതുവഴി ഇനി വിടില്ലെന്നാണ് ഹൂതികൾ അറിയിച്ചിരിക്കുന്നത്. മറ്റു കപ്പലുകളെ തടയില്ല. ഇറാൻ ഹോർമുസ് കടിലിടുക്ക് അടച്ചതിനാൽ സൗദി ഭരണകൂടം ചെങ്കടൽവഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പുകളും ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.

International

ഹൂതി-സൗദി സംഘർഷം; വിഷമവൃത്തത്തിൽ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: യെമനിലെ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.

യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്‌ലാമാബാദായിരുന്നു.

പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്‍റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.

ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.

കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇ‌സ്‌ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.

 

International

പെരിം ദ്വീപ് പിടിച്ചു; ചെങ്കടലിലെ കപ്പൽ ഗതാഗതം ഇനി ഹൂതികളുടെ നിയന്ത്രണത്തിൽ; ഗൾഫ് എണ്ണയുടെ വഴികളെല്ലാം ഇറാൻ പൂട്ടി

സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്‍റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്‍റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.

ബാബ് അൽ മൻഡെപിന്‍റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്‍റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.

ബാബ് അൽ മന്‌ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.

യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.

International

എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു

സിംഗപ്പുർ: എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു. ഇറാൻ-യുഎസ് സംഘർഷം കനത്തതും ഇറാന്‍റെ പിന്തുയുള്ള യെമനിലെ ഹൂതികൾ സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചതുമാണ് കരാണം.

അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്‍റ് ഇനം ക്രൂഡ് വീപ്പയുടെ വില ബുധനാഴ്ച രണ്ടു ഡോളറിന ു മുകളിൽ ഉയർന്ന് 100.19 ഡോളർ വരെയെത്തി. പിന്നീട് 99.9 ഡോളറിന് അടുത്തേക്കു താണു. വെസ്റ്റ് ടെക്സസ് ഇനം ക്രൂഡ് വില ഒന്നര ഡോളറിനടുത്തുയർന്ന് 94.52 ഡോളറിലുമെത്തി.

ജൂലൈ 24നു ശേഷം ആദ്യമായിട്ടാണ് ബ്രെന്‍റ് വില നൂറു ഡോളറിനു മുകളിലെത്തുന്നത്.

അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച് യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അതിനു മുന്പ് വീപ്പയ്ക്ക് 70 ഡോളറിനടുത്തായിരുന്നു വില. ഏപ്രിൽ അവസാനം വില 126.4 ഡോളറിലെത്തിയെങ്കിലും തുടർന്ന് താഴാൻ തുടങ്ങി. യുഎസ്-ഇറാൻ വെടിനിർത്തൽ സാധ്യത വിദൂരമായതോടെ കഴിഞ്ഞ മാസം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.

യുഎസും ഇറാനും അടുത്തിടെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതും വില വർധനയ്ക്കുള്ള കാരണമാണ്. ചൊവ്വാഴ്ച രാത്രി ഇറാന്‍റെ അഞ്ച് ടാങ്കറുകൾ മുക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. പകരമായി എട്ടു ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാനും അറിയിച്ചു.

യെമനിലെ ഹൂതികൾ ഇറാനുവേണ്ടി യുദ്ധത്തിൽ ചേരുന്നത് എണ്ണയൊഴുക്കു തടസപ്പെടാനും വില കൂടുതൽ വർധിക്കാനും ഇടയാക്കും. ചെങ്കടലിലെ ബാബ് അൽ മൻഡപ് കടലിടുക്കിൽ ഹൂതികൾക്കുള്ള മേൽക്കയ്യാണ് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്.

International

കപ്പലുകളെ ആക്രമിച്ച് ഇറാനും അമേരിക്കയും

ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.

ഇറാന്‍റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.

ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.

ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.

International

ഖാർഗ് ദ്വീപിലെ ഇറേനിയൻ എണ്ണടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം

ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്‍റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്‍റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.

ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.

ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

International

അമേരിക്ക കാണാതെ ഇറാൻകാർക്ക് ബാത്ത്റൂമിൽ പോലും പോകാൻ പറ്റില്ല: ട്രംപ്

 

 


വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്‍റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.

ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.

റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.

പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്‍റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.

യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

International

സൗദി എണ്ണ കയറ്റിയ സൂപ്പർ ടാങ്കറുകൾ ഹോർമുസിൽ ആക്രമിക്കപ്പെട്ടു

 റിയാദ്: ഇറാൻ അടച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സൗദിയിൽനിന്ന് എണ്ണയുമായി വരുകയായിരുന്ന സൂപ്പർ കാരിയർ ഇനത്തിൽപ്പെട്ട ഭീമൻ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സിദർ എന്ന ഒരു കപ്പൽ സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സെനഗൽ പ്രോസ്പെരിറ്റി എന്ന രണ്ടാമത്തെ കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹോർമുസിലെ ഒമാൻ ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടു കപ്പലുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ മിസൈലുകളോ റോക്കറ്റുകളോ പതിക്കുകയായിരുന്നു.

രണ്ടു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിൽനിന്ന് എണ്ണച്ചോർച്ച ഉണ്ടായിട്ടില്ല. രണ്ടുകപ്പലുകളും കഴിഞ്ഞയാഴ്ച സൗദി തുറമുഖത്തുനിന്ന് 20 ലക്ഷം വീപ്പ ഗ്രൂഡ് കയറ്റിയിരുന്നു.

International

ഇറാനെ ആക്രമിക്കുന്നതിന്‍റെ എഐ വീഡിയോകൾ പുറത്തുവിട്ട് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്‍റെ പ്രതീകാത്മക ദൃശ്യങ്ങൾ അടക്കിയ ഏഐ നിർമിത വീഡിയോകൾ പ്രസിഡന്‍റ ്ട്രംപ് പുറത്തുവിട്ടു.

ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഖാർഖ് ദ്വീപിലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് ട്രംപ് നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കി പുറത്തുവിട്ടത്.

എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകരുന്നതാണ് വീഡിയോയിലുള്ളത്. ‘ഖാർഖ് ദ്വീപ് തവിടുപൊടിയായി ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

 

ഹോർമുസ് കടലിടുക്കിലെ ലാർനാക് ദ്വീപിൽ അമേരിക്കൻ സേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്.

International

ഒരു മാസത്തിനുശേഷം യുഎസ്-ഇറാൻ ഏറ്റുമുട്ടൽ; ലാർനാക് ദ്വീപിലെ ആക്രമണത്തിന് യുഎസ് സൈനിക താവളങ്ങളിൽ മറുപടി

 റിയാദ്:ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ്-ഇറാൻ സംഘർഷ പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറേനിയൻ ദ്വീപായ ലാറോക്കിൽ അമേരിക്ക ഞായറാഴ്ച രാത്രി ആക്രമണം നടത്തി. ഇതിനു പിന്നാലെ ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.

ജൂലൈ അവസാനത്തിനുശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമായിരുന്നിത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ റോക്കറ്റ് വിക്ഷേപണത്തിനും മൈനുകൾ വിതറുന്നതിനും ഇറാൻ തയാറെടുത്ത പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.

മറുപടിയായി ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറേനിയൻ വിപ്ലവഗാർഡ് അറിയിച്ചത്.

യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരു ഡ്രോൺ വെടിവച്ചിട്ടതായി യുഎഇ സ്ഥിരീകരിച്ചെങ്കിലും വ്യോമതാവളം ആക്രമിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ചു.

ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനു സമീപമാണ് ലാർനാക് ദ്വീപ്. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ആറു മാസമായി ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലാർനാക് ദ്വീപിനു സമീപത്തുകൂടി പോകുന്ന വാണിജ്യ കപ്പലുകൾ പരിശോധനയ്ക്കു വിധേയമാകണമെന്നും ഹോർമുസ് കടക്കണമെങ്കിൽ 20 ലക്ഷം ഡോളർ ഫീസ് നല്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

International

അധികാരത്തിലേറിയിട്ട് ആറു മാസം; വെളിച്ചത്തുവരാതെ മുജ്തബ

ദുബായി: അമേരിക്കയും ഇസ്രയേലും ഇറാൻ ‍യുദ്ധത്തിനു തുടക്കമിട്ടിട്ട് ആറുമാസമായി. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നു തന്നെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഗുരുതരമായി പരിക്കേറ്റ മകൻ മുജ്തബ ഖമനയ് ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ഇതുവരെ അദ്ദേഹം പുറംലോകത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല.

മുജ്തബ ഖമനയ് എവിടെ, അദ്ദേഹത്തിന്‍റെ അവസ്ഥ എന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ ഇറാൻ തയാറായിട്ടില്ല. ഭരണ നിയന്ത്രണം മുജ്തബയ്ക്കാണെന്ന് ഇറേനിയൻ നേതൃത്വം പറയുന്നു. സുരക്ഷാ കാരണങ്ങളാലാണത്രേ അദ്ദേഹം വെളിച്ചത്തുവരാത്തത്.

ആക്രമണത്തിൽ മുജ്തബയുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംസാരശേഷിയെപ്പോലും ഇത് ബാധിച്ചിരിക്കാമെന്നും പറയുന്നു.

ആറുമാസത്തിനിടെ മുജ്തബയുടെ ഫോട്ടോയോ വീഡിയോയോ പുറത്തുവന്നിട്ടില്ല. ശബ്ദസന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവ് അലി ഖമനയ്‌യുടെ കഴിഞ്ഞമാസം നടന്ന വിപുലമായ സംസ്കാരച്ചടങ്ങിലും മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായി.

എഴുതിത്തയാറാക്കിയ ഏതാനും സന്ദേശങ്ങൾ മാത്രമാണ് മുജ്തബയുടേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇറേനിയൻ മാധ്യമങ്ങൾ ഇത് ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കാറുണ്ട്.

ഇത്തരം കാര്യങ്ങൾ മുജ്തബയുടെ അവസ്ഥയെക്കുറിച്ചും ഇറേനിയൻ ഭരണത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും വലിയ സംശയങ്ങൾക്കിടയാക്കുന്നു.

മുജ്തബയുമായി ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ ഓഗസ്റ്റ് 10ന് പ്രഖ്യാപിച്ചിരുന്നു. മുജ്തബ ഖമനയി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് അടുത്തിടെ പറയുകയുണ്ടായി. പക്ഷേ, മുജ്തബയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇതൊന്നും സഹായകരമായിട്ടില്ല.

International

യുദ്ധം സാന്പത്തികമേഖലയിൽ; മധ്യസ്ഥതയ്ക്ക് ഖത്തർ പ്രധാനമന്ത്രി ഇറാനിൽ

 


ടെഹ്റാൻ: ആറു മാസം പൂർത്തിയാകുന്ന ഗൾഫ് യുദ്ധത്തിന് അന്ത്യംകാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനി ഇറാനിലെത്തി. നിലച്ചുപോയ നയതന്ത്രനീക്കങ്ങൾ പുനസ്ഥാപിക്കലാണ് ലക്ഷ്യം.അമേരിക്കയ്ക്കും ഇറാനുമിടയിൽ മുന്പ് പലവട്ടം ഖത്തർ മധ്യസ്ഥവേഷമണിഞ്ഞിട്ടുള്ളതാണ്. ഇറാനുമായി ബന്ധപ്പെടാൻ ഖത്തർ അടക്കമുള്ള അറബി രാജ്യങ്ങളുടെ സഹായമാണ് അമേരിക്ക തേടുന്നത്. മധ്യസ്ഥത വഹിക്കുന്ന മറ്റൊരു രാജ്യമായ പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തര മന്ത്രിയും ഏതാനും ദിവസം മുന്പ് ഇറാനിലെത്തിയിരുന്നു.

ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കമാണ് മധ്യസ്ഥശ്രമങ്ങൾക്കു വെല്ലുവിളി. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചിരിക്കുകയാണ്.

ഹോർമുസിന്‍റെ ഇറാന്‍റെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കൻ നിലപാട്. ഹോർമുസിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു.

ഹോർമുസിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഇറാൻ ചർച്ച നടത്തുന്നുണ്ട്. ഇറാനും ഒമാനും ഹോർമുസിന്‍റെ ഇരുഭാഗത്തുമുള്ള രാജ്യങ്ങളാണ്.

ഇതിനിടെ, സൈനിക നടപടികൾ നിർത്തിവച്ചിരിക്കുന്ന അമേരിക്ക സാന്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ അടിയറവ് പറയിക്കാനുള്ള ശ്രമത്തിലാണ്. ഏതാണ് ഒരു മാസമായി യുഎസ് സേന ഇറാനിൽ ആക്രമണം നടത്തിയിട്ട്.

അതേസമയം, ഇറാനെ ലക്ഷ്യമിട്ട് കൂടുതൽ സാന്പത്തിക ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ഇടപാടിനു മുതിരുന്ന രാജ്യങ്ങളും അമേരിക്കൻ ഉപരോധം നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിട്ടുണ്ട്.

International

പാക്-ഇറാൻ ചർച്ചയിൽ വലിയ പുരോഗതി

 ടെഹ്റാൻ: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വിയും ഇറാൻ സന്ദർശിച്ചു നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായെന്ന് അറിയിപ്പ്.

യുഎസ്-ഇറാൻ യുദ്ധമായിരുന്നു പ്രധാന ചർച്ചാ വിഷയമെന്ന് മൊഹ്സിൻ നഖ്‌വി പറഞ്ഞു.

കൂടുതൽ സംഘർഷങ്ങളുണ്ടാകുന്നതു തടയുക, ഹോർമുസ് കടലിടുക്ക് തുറക്കൽ എന്നീ വിഷയങ്ങളും ചർച്ച ചെയ്തെന്ന് പാക് സൈന്യവും അറിയിച്ചു.

പശ്ചിമേഷ്യായിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ ഇരു പക്ഷവും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചുവെന്നും പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി സംസാരിച്ച ശേഷമാണ് ആസിം മുനീൻ ഇറാനിലെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഇറാനുമേലും ഇറാനുമായി ഇടപാടുകൾക്കു മുതിരുന്ന രാജ്യങ്ങൾക്കു മേലും കനത്ത ഉപരോധം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

International

ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 കപ്പലുകൾ ഇറാന്‍റെ കരിന്പട്ടികയിൽ; കണ്ടുകെട്ടുമെന്ന് ഭീഷണി

 ടെഹ്റാൻ: ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 ടാങ്കർ കപ്പലുകളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ. ഈ കപ്പലുകളിൽനിന്ന് പിഴ ഇടാക്കാം, അല്ലെങ്കിൽ പിടിച്ചെടുത്ത് ചരക്ക് കണ്ടുകെട്ടാം എന്നാണ് ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി അറിയിച്ചത്.

കപ്പലുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വന്പൻ ക്രൂഡ് ടാങ്കറുകൾ, ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നീ ഇനം ടാങ്കറുകൾ ഉൾപ്പെടുന്നു.

ചില കപ്പലുകൾ യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി, സൗദിയിലെ ബാഹ്‌രി കന്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ്.

ചരിത്രത്തിലിതുവരെ കാണാത്ത ഉപരോധങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരേ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് കരിന്പട്ടിക ഇറാൻ പുറത്തുവിട്ടത്.

ഈ കപ്പലുകളിലെ ചരക്ക് കയറ്റാൻ തയാറാകുന്ന മറ്റു കപ്പലുകളും കരിന്പട്ടികളെയും കരിന്പട്ടികയിൽപ്പെടുത്തുമെന്നാണ് ഇറാന്‍റെ ഭീഷണി. പട്ടികയിൽനിന്ന് നീക്കം ചെയ്യാനായി കപ്പലുടമകൾ ഇറാന് അപേക്ഷ നല്കണം.

അതേസമയം, കപ്പലുകൾ ചെയ്ക കുറ്റം എന്താണെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ഹോർമുസിലൂടെ പോകേണ്ട കപ്പലുടമകൾ മുൻകൂർ അനുമതി വാങ്ങണമെന്നും സുരക്ഷയ്ക്കും ഇതര സേവനങ്ങൾക്കും പണം അടയ്ക്കണമെന്നും ഇറാൻ മുന്പു നിർദേശിച്ചിരുന്നു.

യുഎസ്, ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. അതേസമയം, അമേരിക്കയുടെ സംരക്ഷണത്തിൽ ഹോർമുസിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

International

ഇറാക്കി എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ ഇറാന്‍റെ അനുമതി

ബാഗ്ദാദ്: ഇറാക്കിൽനിന്ന് എണ്ണ കയറ്റിയ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുവദിച്ചു. ഇറാക്കിന്‍റെ നിരന്തര അഭ്യർഥ മാനിച്ചാണിതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറേനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖ്വാലിബാഫ് ഇറാക്ക് സന്ദർശിച്ച് അവിടുത്തെ പ്രസിഡന്‍റ് നിസാർ അമേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം ഹോർമുസിലൂടെയുള്ള എണ്ണക്കടത്തായിരുന്നു.

ഹോർമുസിലൂടെ എണ്ണ കടത്താനുള്ള സൗകര്യം ഇറാൻ ചെയ്തുതന്നതായി നിസാർ അമേരിക്ക അറിയിച്ചു.

യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചതിന്‍റെ പ്രത്യാഘാതം വലിയ തോതിൽ നേരിടുന്ന രാജ്യമാണ് ഇറാക്ക്. തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ എണ്ണ കയറ്റുമതി ചെയ്യാനുള്ള മാർഗങ്ങൾ ഇറാക്ക് ആലോചിക്കുന്നുണ്ട്. പ്രതിദിനം 40 ലക്ഷം വീപ്പ ക്രൂഡാണ് ഇറാക്ക് ഉത്പാദിപ്പിക്കുന്നത്.

International

മിസൈൽ ആക്രമണത്തിനു പിന്നാലെ ഇറാനുമായുള്ള വ്യാപാരം പൂർണമായി നിർത്തിയെന്ന് യുഎഇ

 ദുബായി: ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് യുഎഎഇയിൽ ഉടനീളം ലഭിച്ചിരുന്നു. രാജ്യത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. രണ്ടു മിസൈലും പേർഷ്യൻ ഉൾക്കടലിൽ പതിച്ചെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിയെന്ന് യുഎഇ അറിയിക്കുന്നത്. ഫെബ്രുവരി അവസാനം മുതലുള്ള യുഎസ് -ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ യുഎഇ അടക്കമുള്ള അറബി രാജ്യങ്ങളെ പതിവായി ആക്രമിച്ചിരുന്നു. അപ്പോഴും ഇറാനുമായുള്ള വ്യാപാരം യുഎഇ നിർത്തിവച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് വ്യാപരബന്ധത്തിൽ ചില ഇളവുകൾ അനുവദിക്കാൻ യുഎഇ തയാറായത്.
അമേരിക്കയുടെ പലവിധ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കയറ്റുമതിക്കും ഇറക്കുമതിക്കുമായി യുഎഇയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പല സാധനങ്ങളും ഇറാനു ലഭിക്കുന്നത് യുഎഇ വഴിയാണ്.
ഇതിനിടെ യുഎഇയ്ക്കു നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പ്രതികരിച്ചത്.

International

ഹോർമുസിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; മിഥ്യാഭ്രമം വെടിഞ്ഞ് പരാജയം അംഗീകരിക്കണമെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് എന്നും തങ്ങളുടേതായിരിക്കുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഹോർമുസ് ഇറാന്‍റേതായിരുന്നു, ഇറാന്‍റേതാണ്, ഇറാന്‍റെതായിരിക്കും”- ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇറാന്‍റെ ഉത്തരവു പ്രകാരമായിരിക്കും ഹോർമുസ് അടയ്ക്കുന്നതും തുറക്കുന്നതും. ഹോർമുസിനെ ഉടൻ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ച,ോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവികഉപരോധം തുടരുമെന്ന് കാസിം ഗരിബബാദി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഒരു രാഷ്‌ട്രീയ പരിപാടിക്കിടെയാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ സ്വന്തമാക്കുമെന്ന് പറഞ്ഞത്. ഇറാനുമേലുള്ള വിജയം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെന്ന പൈശാചിക രാജ്യം അണ്വായുധം സന്തമാക്കുന്നതിലും നല്ലതാണ് അമേരിക്കക്കാർ ഇന്ധനത്തിനായി അല്പം കൂടുതൽ പണം മുടക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഇന്ധനവില വർധിച്ചതിൽ അമേരിക്കൻ ജനതയ്ക്കുള്ള എതിർപ്പ് ശമിപ്പിക്കാനാണ് ട്രംപ് ഇതു പറഞ്ഞത്.
ഹോർമുസിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ട്രംപ് നുണ പറയുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇതിനുശേഷം ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാസങ്ങളായി ഇറാൻ അടച്ചിരിക്കുകയാണ്.

International

ഹോർമുസ് തുറക്കണമെന്ന് യുഎസ്; മരവിപ്പിച്ച ആസ്തികൾ വിട്ടുതരണമെന്ന് ഇറാൻ; പശ്ചിമേഷ്യാ സംഘർഷത്തിനു മുഴുവൻ പരിഹാരം ലക്ഷ്യമിട്ട ഇടക്കാല ധാരണ പെട്ടിയിൽതന്നെ

 ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്‍റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

International

നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇറാനും യുഎസും; ചെങ്കടലിലും ഹോർമുസിലും കപ്പലുകൾ ആക്രമിക്കപ്പെട്ടു

ദുബായ്: ഇറാൻ‌ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള്‌ കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമ‍യിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്‍റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.

International

ഗൾഫിലുടനീളം തിരിച്ചടിക്കുമെന്ന് ഇറാന്‍റെ ഭീഷണി, ട്രംപിനെ അനുനയിപ്പിക്കാൻ മുഹമ്മദ് ബിൻ സൽമാനും; അമേരിക്കൻ ആക്രമണം ഒഴിവായതിങ്ങനെ

 
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്‍റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.

International

അണിയറയിൽ ഒരുങ്ങുന്നത് ഹോർമുസിൽ ഇറാന്‍റെ ആധിപത്യം ഉറപ്പിക്കുന്ന കരാർ

 റിയാദ്: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്‍റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഹോർമുസിന്‍റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.

ചെങ്കടലിൽ ആക്രമണം

ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്‌്‌ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.

International

മിസൈല്‍ ആവനാഴി ശൂന്യമാകുന്നു; യുഎസ് സൈന്യത്തിന്റെ ശേഷിയില്‍ ആശങ്ക


ന്യൂയോര്‍ക്ക്: ഇറാനെതിരായ അഞ്ചു മാസത്തെ യുദ്ധത്തില്‍ അമേരിക്കന്‍ സേനയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
അറ്റാകാംസ് (ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം), പ്രിസം (പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍) എന്നീ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഏതാണ്ട് പൂര്‍ണമായി ഇറാനെതിരേ പ്രയോഗിച്ചു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷിതമായ അകലത്തില്‍നിന്ന് ശത്രുവിനെ ആക്രമിക്കാന്‍ സഹായിക്കുന്ന ഈ ആയുധങ്ങളുടെ അഭാവം അമേരിക്കന്‍ സേനയുടെ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഭൂതലത്തില്‍നിന്ന് ഭൂതലത്തിലേക്കു പ്രയോഗിക്കുന്ന ഇനത്തില്‍പ്പെട്ട ഈ രണ്ടു മിസൈലുകളും കൃത്യതയ്ക്കു പേരുകേട്ടതാണ്. റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് അമേരിക്ക അറ്റാകാംസ് നല്കിയിരുന്നു. ഈ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ റഷ്യക്കു കടുത്ത പ്രസന്ധിയായിരുന്നു.
ഭാവിയില്‍ അറ്റാകാംസിനു പകരമുപയോഗിക്കാന്‍ വികസിപ്പിച്ചതാണ് പ്രിസം. ഇരു വിഭാഗം മിസൈലുകള്‍ക്കും ഓരോന്നിന് പത്തു ലക്ഷം ഡോളര്‍ വിലവരും.
പ്രസിഡന്റ് ട്രംപ് ഏപ്രില്‍ 28നാണ് ഇറാനെതിരേ യുദ്ധമാരംഭിച്ചത്. അമേരിക്കയ്‌ക്കൊപ്പം ഇസ്രേലി സേനയുമുണ്ടായിരുന്നു. അഞ്ചു മാസം പിന്നിട്ട യുദ്ധത്തില്‍ ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തത് ട്രംപിനു വലിയ തലവേദനയാണ്.
അമേരിക്കന്‍ ആക്രമണത്തിനു പകരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക്് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നതാണ് ഇറാന്റെ സൈനികതന്ത്രം. അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇറേനിയന്‍ ആക്രമണത്തെ ചെറുക്കുന്നത്.
അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളും കുറഞ്ഞുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമൂലം ഇറാനെതിരായ ആക്രമണം ചില ഘട്ടങ്ങളില്‍ ട്രംപിന് ഉപേക്ഷിക്കേണ്ടിവന്നത്രേ.

Latest News

Corehub Up